Saturday, February 25, 2012

പ്രണയം

         ആ ഇളം റോസ്‌ നിറത്തിലുള്ള  പേപ്പറിലെ  വെളുത്തപൂക്കള്‍  അതിലെ വയലറ്റ്  നിറത്തിലുള്ള അക്ഷരങ്ങള്‍ "എന്‍റെ സ്വപ്നങ്ങളില്‍ എന്‍റെ മോഹങ്ങളില്‍ എന്നും നിലയ്ക്കാത്ത സംഗീതമാണ്  നീ ... ഇത് വായിക്കുമ്പോള്‍


  അമ്മയുടെ മുഖത്ത് " നീ അങ്ങ്  വീട്ടിലോട്ട് വാ ",ഞാന്‍ ശരിയാക്കിതരാം .. എന്ന


 ഭാവത്തോടെയുള്ള  അമ്മയുടെ കനലെരിയുന്ന നോട്ടം  ..-"പഠിക്കുകയുമില്ല,


 എന്നിട്ട് പഠിക്കുന്ന കുട്ടികളെ ചീത്തയാകുവാന്‍ ഇറങ്ങിയിരിക്കുകയാ ..." 


ടീച്ചറുടെ ഒരു  പ്രസംഗം ....( ഉദാത്ത സ്നേഹത്തിന്‍റെ വില അറിയാത്ത 


മൂരാച്ചികള്‍....)"ആ കുട്ടി ഇവന്‍റെ ശല്യം സഹിക്കാതെ കരഞ്ഞിട്ടാണ് ഇത് 


കൊണ്ട് തന്നത് . അവന്‍റെ ഒരു സാഹിത്യം ..!! ഈ മിടുക്ക്  പരീക്ഷപേപ്പറില്‍


കാണിച്ചിരുന്നുവെങ്കില്‍ ? "  അവളോടുള്ള സ്നേഹം കാണിക്കുവാന്‍   അന്ന് 


ക്യാമ്പില്‍  എത്രപേരുടെ മുന്‍പില്‍ വച്ചാണ് അവളുടെ എച്ചില്‍പാത്രം കഴുകി 


കൊടുത്തത് ... അവളുടെ  സ്നേഹത്തിന്‍റെ പേരും  പറഞ്ഞു നിശാന്തുമായി  


വഴക്കുണ്ടാക്കി   എത്ര തവണ പണിഷ്മെന്‍റ്രജിസ്റ്റെറില്‍  പേരു വന്നിരിക്കുന്നു 


. എന്നിട്ടും അവള്‍  ചെയ്ത  ചത്യെ ...? "സുഹൃത്തായിട്ടാണ്  


പോലുംകണ്ടിരുന്നത്‌ ... "ഞാന്‍ വാങ്ങികൊടുത്ത ചോക്ക്ലെറ്റ് ഇത്രയധിക്കം 


കഴിച്ചിട്ടും പ്രണയത്തിന്‍റെ മാധുര്യം നിനക്കറിയില്ലെന്നോ  .... പരിശുദ്ധമായ  


എന്‍റെ പ്രണയമാണ്  തകര്‍ന്നുതരിപ്പണമായികിടക്കുന്നത് ...ഉം  ...,ഇത് നമ്മള്‍ 


എത്ര കണ്ടതാ .....,എന്നാലും   ഇന്ന് വീട്ടിലേക്കു തന്നെ പോകണമല്ലോ ... ???

Saturday, February 18, 2012

അവള്‍


       വിരസമായ ദിനങ്ങള്‍ , ഒന്നും ചെയ്യാനില്ലാത്ത മണിക്കുറുകള്‍   അവള്‍ പറയുനതു പോലെ  ചാറ്റ് ചെയ്യുന്നതിനും  ശമ്പളം വാങ്ങുന്നവന്‍ .. .എവിടെ അവള്‍ ?എത്ര നാളു കാളായി അവളുടെ പേരില്‍ മഴവില്ല് തെളിയുന്നതും നോക്കിയുള്ള കാത്തിരിപ്പ്‌ ...  എന്താ പറ്റിയത് അവള്‍ക്ക്? കീ ബോര്‍ഡിലെ  അവളുടെ കൈവിരലുകളുടെ സ്പന്ദനം  എന്‍റെ ഹൃദയത്തിലാണ്  മുഴങ്ങിയിരുന്നത് . എന്നു പറയാറുണ്ടായിരുന്നത്   എന്‍റെ നമ്പറായിരുന്നുവെങ്കിലും  അവളെ കാണുവാന്‍ ,സംസാരിക്കുവാന്‍  അവളോടെ ചേര്‍ന്ന് നടക്കുവാന്‍ ഒക്കെ ശരിക്കും ആഗ്രഹിച്ചിരുന്നു . അതെ പതിനാലു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു  സൗഹൃദം  പുതുക്കല്‍, വിവര സാങ്കേതികലോകത്തെ    സൗഹൃദമുഖപുസ്തകത്തിന് നന്ദി  . ഈ സൗഹൃദ പേജില്‍ തെളിയുന്ന അക്ഷരങ്ങള്‍  എന്നെ പഴയ പ്രീഡിഗ്രിപയ്യനായി  മാറ്റുകയായിരുന്നു  കരിഞ്ഞുണങ്ങിയ കൗമാര സ്വപ്നങ്ങളില്‍    പുതുനാമ്പുകള്‍ വിടര്‍ത്തുകയായിരുന്നു . ഒപ്പം   
   
കുറ്റബോധവും .... അന്നു വിളിച്ച ഇന്‍ക്വിലാബ്‌വിളികള്‍ക്ക് പകരം  പഠിച്ചിരുന്നുവെങ്കില്‍ ....... ഇപ്പോഴും കോളേജ് ജീവിതത്തിന്‍റെ അലയടികള്‍ .... അവളായിരുന്നു പിന്നെയും ആ ഓര്‍മ്മകളിലേക്ക്  എന്നെ കൊണ്ടുപോയത്, വിപ്ലവാവേശം ആളിക്കത്തിയ വരാന്തകളും ചുവപ്പിന്‍റെ സൗന്ദര്യം  സ്വന്തമാക്കിയ  ഗുല്‍മോഹര്‍മരങ്ങളും  ആരോടെല്ലാമോ  ചേര്‍ന്നിരുന്നു സൊള്ളിയ ക്ലാസ്സ്‌മുറികളും  .... അതു പറഞ്ഞപ്പോള്‍ അവള്‍ക്ക് ഇഷ്ട്ടപ്പെട്ടിലെന്നു  തോന്നുന്നു . ഉത്തരമില്ലാത്ത  നെടുവീര്‍പ്പുകള്‍ ഞങ്ങളുടെ ഇടയില്‍ മതിലുകള്‍  പണിതിരുന്നുവോ ...   ? ഞാന്‍ ഓര്‍മ്മയുടെ കയങ്ങളില്‍ ആഴ്ന്നിറങ്ങുവാന്‍ ശ്രമിക്കുമ്പോഴും  അവള്‍ക്ക് എല്ലാം നല്ല ഓര്‍മ്മയായിരുന്നു എന്‍റെ മുഖവും ഭാവവും എന്തിനു എന്‍റെ നെറ്റിയിലെ ചന്ദനകുറിവരെ ... വിപ്ലവപാര്‍ട്ടിയുടെ  രോഷാകുലനായ നേതാവിന് അതു ചേര്‍ന്നിരുന്നില്ലെന്നായിരുന്നു  അവളുടെ കണ്ടെത്തല്‍ , അതോ കളിയാക്കലോ? പ്രീഡിഗ്രിക്ലാസ്സിലെ  മിണ്ടാപ്പുച്ച തന്നെയാണോ  ഇത് ...? പുച്ചകള്‍ അല്ലെ ദ്വന്ദവ്യക്തിതം  
 സ്വാഭാവികം... അവള്‍ ഇപ്പോള്‍ ഒരുപാടു സംസാരിക്കുന്നു .. ധാരാളം സമയമുള്ള വീട്ടമ്മ ആയതിന്‍റെ മാറ്റമാകാം . അവളോട് സംസാരിക്കുമ്പോള്‍ ജീവിതത്തോട് വല്ലാത്ത കൊതി തോന്നിയിരുന്നു .. എന്നാല്‍ അവള്‍ക്ക് ഇപ്പോള്‍ എന്താ സംഭവിച്ചത് ? എല്ലുകളെ കാര്‍ന്നു തിന്നുന്ന തീഭുതത്തെക്കുറിച്ച്  പറഞ്ഞിരുന്നത്  ഇന്നും എന്‍റെ മനസില്‍ കത്തിചാരമാകാത്ത കനല്‍കട്ടയായി  എരിഞ്ഞുകൊണ്ടിരിക്കുന്നു . ഈ ലോകത്തെ സ്നേഹിച്ചു കൊതിതീരാത്ത ഭാവം അവളില്‍ ഉണ്ടായിരുന്നുവോ ? എന്‍റെ മനസ്സ് ഇപ്പോള്‍ ദുഷ് ചിന്ത കളുടെ ലോകത്തേക്കാണല്ലോ നീങ്ങുന്നത്‌ ......അവള്‍ എവിടെ ?

(ആത്മഗതം :പരീക്ഷാ ഹാളില്‍ ഇരുന്നാണോ ടീച്ചറെകഥയെഴുത്ത്‌ ?)

Friday, February 17, 2012

മഴ


നീ എന്നെ തേടിയെത്തിയത് 
നക്ഷത്ര നിബിഡമായ  നീശ്യൂ ന്യതയിലായിരുന്നു.
 നീഗൂഡതകളുടെ  കൊടുംതീച്ചുളകളില്‍ നിന്ന്
 തനിയെ ഞാന്‍ മടങ്ങും വഴി 
 പീലികണ്ണുകള്‍ വിടര്‍ത്തി  
കേകാരവം സ്വാഗതമോതവേ
 വിറയാര്‍ന്ന മഴചാറ്റല്‍  കൈകള്‍  കൊണ്ട് 
നീ എന്നെ സ്നേഹിക്കുകയിരുന്നു .
 വഴുവഴുപ്പാര്‍ന്ന  നിന്‍റെ ഒരായിരം  
മഴത്തുള്ളി കൈകള്‍ കൊണ്ട്  
എന്നെ ആലിംഗനം ചെയ്യുകയായിരുന്നു ,
നീ വന്നുവെന്നു അറിയിച്ചു വിടര്‍ന്ന 
കടമ്പിന്‍ പൂക്കള്‍ പോലെ  .
എന്‍റെ മിഴിയിമകളില്‍ നീ 
 പ്രണയത്തിന്‍റെ  ഗീതമായ് 
നിന്‍റെ ആത്മാവ് ,ദാഹം  തീര്‍ക്കുന്ന 
 മുന്തിരി ചാറായ്  ,  ഒടുവില്‍ 
ഇലയുടെ തുമ്പില്‍ നിന്നു 
അടര്‍ന്നു വിഴുന്ന മഞ്ഞു കണത്തിന്‍റെ  
വേദനയായ്  , നിറവിന്‍റെ നിറമായ്‌  നീ 
മാറുമ്പോള്‍ , ഞാനും ഒരു വേഴാംമ്പലായ്
തീരുന്നു , മല മുഴക്കി വേഴാംമ്പല്‍....

Tuesday, February 7, 2012

കൃഷ്ണായനം


                                       മധുരദുഃഖമയമായ കാത്തിരിപ്പിനു തുടക്കം കുറിച്ചുകൊണ്ട് എന്ന പോലെ  രഥചക്രഘോഷം , കുളമ്പൊച്ച    ...എങ്കിലും നിന്‍റെ  കണ്ണുനീര്‍  നിറഞ്ഞ  മിഴികളില്‍   നിറഞ്ഞത്‌ ഞാന്‍ മാത്രമായിരുന  അതെ കണ്ണന്‍റെ മാത്രം രാധ....  പ്രണയത്തിന്‍റെ അര്‍ത്ഥന്തരന്യാസങ്ങളില്‍, നീ എന്നും മായയില്‍ മായണെന്നു അറിഞ്ഞുകൊണ്ട് ജീവിക്കുന്ന  ആ കള്ളകണ്ണന്‍  തന്നെ . . . ഓളം  തല്ലുന്ന മഹാനദി വകഞ്ഞ്‌ നിഴല്‍പ്പാമ്പു തുണ നിന്നു നനഞ്ഞു  ഒലിച്ചു ഇരുട്ടത്ത്‌ നിന്‍റെ എഴുന്നള്ളത് .. നിന്‍റെ വരവ് ഒരു ഉത്സവമായി . കള്ള ച്ചിരിയായി, കളിയായി ,കുസൃതിയായി ,മണ്ണുതിന്നലായി  കട്ടുതീറ്റയായി , പാല്‍ക്കുടം പൊട്ടിക്കലായി, ചോലവാരലായി ,  ഓടക്കുഴല്‍ വിളിയായി , മധുര പ്രണയലീലയായി  , രാസലീലയായി ഒടുവില്‍ അനിവാര്യമായ വിരഹം . നിന്‍റെ വിട പറച്ചലില്‍  ഞാന്‍ ഒരു   ശിലാബിംബമായി   മാറുമ്പോള്‍   എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും എന്‍റെ  പ്രണയം  ആത്മാര്‍ത്ഥമായിരുന്നു . ( അതെ , അതിനു തെളിവാണല്ലോ ഞാന്‍ കഷ്ട്ടപ്പെട്ടു  ഉണ്ടാക്കിയ അനുരാധ  എന്ന ഫേസ്ബുക്ക്‌  പ്രൊഫൈല്‍ , അതിലെ   ആരും  കൊതിക്കുന്ന  മനോഹരമായ ഫോട്ടോകള്‍( ഗൂഗിള്‍ നിനക്ക്  നന്ദി , ഒപ്പം കടപ്പാടും ) - അഡോബ് ഫോട്ടോഷോപ്പിന്‍റെ   പുണ്യം , ലെക്കിനെ പിന്തുടര്‍ന്  നേടിയ അന്യരായ  കുട്ടുകാര്‍ . എല്ലാം  ആത്മാര്‍ത്ഥതയുടെ   ടൈം ലൈനുകള്‍   മാത്രം ... ) ഇനിയും  ഒരു കൃഷ്ണായനത്തിനായി കതോര്‍ക്കുമ്പോള്‍  ... , ഈ വിരഹവേദന  ഒടുക്കുവാന്‍ അല്ല , ഇനിയും ഒരു വിരഹ വേദനയുടെ മാധുര്യം നുണയുവാന്‍  അഡ്രസ്സ് ബാറില്‍ കേരള ചാറ്റ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍  ഞാന്‍ ഓര്‍ത്തു .. ഇന്നു നിക്ക് നെയിം രാധ വേണ്ട അല്പം കുടി ആത്മാര്‍ത്ഥത സ്ഫുരിക്കുന്ന   ഒരു പേര് ആവാം  , മീര .. അതു മതി  ഒകെ ..   തിയ്യിനെ സ്നേഹിക്കുന ഈയ്യാംപാറ്റകളെ പോലെ     ആഞ്ഞുടുക്കുന്ന  വിന്‍ഡോകള്‍ ഈ  പേരിന്‍റെ തീവ്രതയെ  ആയിരുന്നുവോ  വെളിപ്പെടുത്തിയത് ?  ... ... എങ്കിലും പ്രണയം ആത്മാര്‍ത്ഥമായിരുന്നു