Friday, March 9, 2012

പുനര്‍ജന്മം

                   റേഡിയോയിലൂടെയും  പത്രത്തിലൂടെയും  ഞാന്‍ അറിഞ്ഞ ഈ പുനര്‍ജന്മം  ,        വീണ്ടും   മുപ്പതുവര്‍ഷങ്ങള്‍ക്കു  ശേഷം  പുനര്‍ജനിക്കുന്നു  എന്ന     അറിവ് വര്‍ഷങ്ങളായുള്ള      എന്‍റെ അനേഷണങ്ങള്‍ക്ക്   വിരാമമിടുകയാണ്‌ .   എന്‍റെ ഹൃദയത്തില്‍ ഒരുപാട്  അലയടികള്‍ക്ക് വഴിയൊരുക്കി കൊണ്ട് ...  
                                                 തലമുറകളുടെ അല്ല , മറിച്ച്   ഏകദേശം   നാലുമാസത്തെ സംഭവങ്ങള്‍ ,     ഒരിക്കല്‍ ഞാന്‍ ഭ്രാന്തമായി സ്നേഹിച്ച രസനാദഗന്ധസ്പര്‍ശഗുണവിശേഷങ്ങളുടെ  ടൈംലൈനുകള്‍  , അവ നല്‍കിയ ഇന്ദ്രിയനിഷ്ഠമായ  അനുഭൂതികള്‍ ... അതു ഞാന്‍ തിരിച്ചുപിടിക്കാന്‍ പോകുന്നു ..എന്‍റെ സ്വന്തമാക്കുവാന്‍ ... ,പ്രീഡിഗ്രികാലം മുതലുള്ള  എന്‍റെ  സ്വപ്നങ്ങള്‍  യാഥാര്‍ത്ഥ്യമാകുവാന്‍  ഇനി ദിവസങ്ങള്‍ മാത്രം , ഈ സ്വന്തമാക്കലിന്‍റെ  വില നോട്ടുകള്‍ക്കും  അപ്പുറമാണ് . 
                              സിനിമാക്യാമറയില്‍  എന്നവണ്ണം ഇന്നും മനസ്സില്‍ എല്ലാവരും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു . എന്നെ സങ്കല്‍പ്പ വായുവിമാനത്തില്‍  ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും (ജപ്പാന്‍ മുതല്‍  സാന്‍ഫ്രാന്‍സിസ്കോ  വരെയുള്ള വിസ്തൃതമായ  ലോകം ) എത്തിച്ച എന്‍റെ പ്രിയപ്പെട്ട  ജിം എന്ന      ജിംഹോഫ്മാന്‍ , രാജി ...എനിക്ക് പിരിയാനാവാത്ത കുട്ടുകാരിയായതും അവളിലൂടെ ഞാന്‍  കണ്ട മലേഷ്യയും മദ്രാസും , സിനിമയുടെ ലോകങ്ങളും   ഭരത നാട്യത്തിന്‍റെ  ലാസ്യവും , ഒപ്പം എന്നെ  കാല്‍പ്പനിക ഭാവങ്ങളിലേക്ക്   എത്തിച്ച കൃഷ്ണനുണ്ണിയുടെ  നേര്‍ത്ത നിശ്വാസത്തിന്‍റെ  സുഗന്ധം ..  വനദൃശ്യപ്രണയത്തിനു  നല്‍കിയ മധുരാനുഭുതി . ഇങ്ങനെ എത്ര രംഗങ്ങള്‍ . പ്രിയ ,ബീന , വേലുണ്ണിക്കുറുപ്പ് രാവുണ്ണിക്കുറുപ്പ്  , അംബിക ,സരസ്വതി ,  ഭാസി , വിശാലാക്ഷിയമ്മ  ,കുട്ടമ്മാമന്‍  സുകുമാരമേനോന്‍ , വാസുദേവന്‍‌ ,രവി ,രമണി , പഞ്ചാബ്‌കാരനായ  ഉജാഗര്‍ സിംഗ്  ഇവരെല്ലാം  എന്‍റെ ആരെല്ലാമോ ആയിരുന്നു.  ഇങ്ങനെ  വെള്ളക്കാരും തമിഴരും ,മലേഷ്യക്കാരും , കേരളീയരുമായി   , കറുപ്പും വെളുപ്പും ,അതിനു മധ്യത്തിലുള്ള നിറങ്ങളുമായി  എത്രയോ സ്വപ്നസൗധങ്ങളിലാണ്   ഞാന്‍ എത്തിചേര്‍ന്നത്  , അതെ ,ഇവര്‍ എന്‍റെ എല്ലാം എല്ലാമായിരുന്നു . വായനയുടെ ആ   പത്തുദിവസങ്ങള്‍ എനിക്ക് നല്‍കിയത് അതിരുകളില്ലാത്ത ആകാശമായിരുന്നു . 
                ഇപ്പോള്‍  ഇവരെ സ്വന്തമാക്കുവാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു . ഇവരെ വരവേല്‍ക്കുവാന്‍ ഞാനും എന്‍റെ വീടും മാത്രമല്ല ,കഥയെ സ്നേഹിക്കുന്ന മലയാളികളും .അതെ , വിലാസിനിയുടെ "അവകാശികള്‍ " എന്ന മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്‍റെയും കഥ തലമുറകളിലൂടെ പറഞ്ഞു  തന്ന  മലയാളഭാഷയിലെ ഏറ്റവും വലിയ നോവല്‍ . ( നാലു വാല്യങ്ങളിലായി  നാലായിരത്തോളം പേജുകള്‍ മുഖ വില :  2500    രൂപ ) പൂര്‍ണ്ണ പബ്ലിക്കേഷനിലൂടെ  പുനര്‍ജനിക്കുന്നു , മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം . ആവാച്യമായ അനുഭൂതിയുടെ ലോകം   കൈയ്യിലെത്തുവാന്‍  ഇനിയും മെയ്‌ 31  വരെ കാത്തിരിക്കണം .എങ്കിലും എന്‍റെ പ്രിയപ്പെട്ട , എന്‍റെ ഹൃദയത്തിന്‍റെ  മാണിക്യക്കല്ലായ "അവകാശികള്‍ക്ക് " വേണ്ടിയല്ലേ , ഞാനും പ്രീപബ്ലിക്കേഷന്‍  ബുക്ക്‌ ചെയ്തു കഴിഞ്ഞു . ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍ , ആ പുനര്‍ജന്മത്തിനായ്‌  .. 


(  പ്രസ്താവന : ഇത് ഒരിക്കലും ഒരു പരസ്യമല്ല  വര്‍ഷങ്ങളായ് വിലാസിനിയുടെ "അവകാശികള്‍ " സ്വന്തമാക്കുക  എന്നുള്ള എന്‍റെ സ്വപ്നം സഫലീകൃതമാക്കുന്നതിന്‍റെ  സന്തോഷം മാത്രമാണ് ഒരുപക്ഷേ അതു എന്‍റെ മാത്രം സ്വപ്നമായിരിക്കുകയില്ല നീങ്ങളുടെതുമായിരിക്കും ...)

Wednesday, March 7, 2012

അമ്മ

                                    നാട്ടിലേക്കുള്ള യാത്രയുടെ തുടക്കം ഷോപ്പിംഗ്‌മാളിലെ  തിരച്ചിലിന്‍റെ അകമ്പടിയോടെ  ആയിരുന്നു, ഇത് പതിവില്ലാത്തതാണെങ്കിലും . 
          നാലുഅവധിദിവസങ്ങള്‍ക്കിടയില്‍ ലീവ്  സംഘടിപ്പിച്ചുള്ള ഒന്‍പതുദിവസത്തെ  ഒഴിവുകാലം..... അമ്മയെ കാണുവാന്‍ ... ഇന്നു സുഹൃത്ത്  നാട്ടില്‍ നിന്നു  അയ്‌ക്കുന്ന  ഫാക്സ്  കണ്ടു അര്‍ബാബ് തരുന്ന ഔദാര്യം. 
                                  അമ്മയ്ക്ക് എന്തെങ്കിലും പ്രത്യേകിച്ചു  വാങ്ങണോ ? എന്തിനോക്കെയുള്ള  തിരച്ചിലിനിടയിലും  കണ്ണുകള്‍ ഇപ്പോഴും നീങ്ങുനത് ലാക്റ്റോജിന്‍  ടിന്നുകളിലേയ്ക്കാണ് ,കൈകളും . ഇതാണ് ഇന്നും  തനിയെ ഉള്ള ജീവിതത്തിന്‍റെ,ഏകാന്തതയുടെ  സൗന്ദര്യം ആസ്വദിക്കുവാന്‍ പ്രേരിപ്പിക്കുനത്  . അതെ സ്വന്തം ഇഷ്ടങ്ങളിലൂടെ മാത്രമുള്ള യാത്ര ... 
                    " സുന്ദരിയായ അമ്മ "എന്ന വിശേഷണം എന്‍റെ ജീവിതത്തിനു നല്‍കിയത് ലാക്റ്റോജിന്‍റെ  മണമായിരുന്നു. , സ്കൂള്‍പഠനകാലത്ത്  ബോര്‍ഡിങ്ങിലേയ്ക്കെത്തുന്ന  സ്നേഹത്തിന്‍റെ  അടയാളമായ നോട്ടുകളുടെ ധാരാളിത്തം ഒരിക്കലും എന്നെ  തെറ്റുകളിലേക്ക് എത്തിച്ചിരുന്നില്ല ... ആ നോട്ടുകള്‍ എന്‍റെ ഒഴിവുസമയങ്ങള്‍ക്കും രാത്രികള്‍ക്കും ലാക്റ്റോജിന്‍റെ  നിറമായിരുന്നു നല്‍കിയത് . ഒപ്പം കിടക്കയിലേക്കും ബാഗുകളിലെ ലാക്റ്റോജിന്‍  ടിന്നുകളിലേയ്ക്കുമുള്ള കുഞ്ഞിയുറുമ്പുകളുടെ പ്രയാണങ്ങള്‍ കുറ്റപ്പെടുത്തലുകളിലേക്കും  കളിയാക്കലുകളിലേക്കും  വഴിയൊരുക്കി  
                          ഈ  കുറ്റപ്പെടുത്തലുകള്‍ ,വിദേശ നിര്‍മ്മിത സുഗന്ധം നിറയുന്ന ബോര്‍ഡിങ്ങിലെ  സന്ദര്‍ശകമുറിയില്‍  മകനെ കാണുവാന്‍ എത്തുന്ന അച്ഛന്‍റെയും അമ്മയുടെയും മുന്‍പില്‍ നിരത്തുമ്പോള്‍  സുന്ദരിയായ അമ്മയുടെ മഴവില്ല് വിരിയുന്ന കണ്ണുകളില്‍ കനലെരിയുകയായിരുന്നു .എന്നാല്‍ അച്ഛന്‍റെ മുഖത്ത് സ്ഥിരമായ  നിസ്സഹായ ഭാവം മാത്രം . തന്‍റെ മക്കളെ ജീവനോടെ നദിയില്‍   ഉപേക്ഷിക്കുന്നതു നോക്കി നില്‍ക്കുന്ന ശന്തനുമഹാരാജാവിന്‍റെ ഭാവം ..
             എന്‍റെ കൗമാരത്തിനു ആസിഡിന്‍റെയും ആല്‍ക്കലിയുടെയും ഗന്ധമായിരുന്നുവെങ്കിലും  ജീവിതത്തിനു  നിറം നല്കിയിരുനത് ശൂന്യമായികൊണ്ടിരിക്കുന്ന   ലാക്റ്റോജിന്‍  ടിന്നുകളായിരുന്നു .   ഇവിടെ എണ്ണപര്യഗവേഷണ തുരുത്തില്‍ രസതന്ത്രജ്ഞനായി  കഴിയുമ്പോഴും  ജീവിതത്തിനു വെണ്മ നല്‍കിയത് , പാല്‍നിറമാര്‍ന്ന ലാക്റ്റോജിന്‍  പൊടിയായിരുന്നു
                     ഇത് അച്ഛന്‍ ഇല്ലാത്ത വീട്ടിലേയ്ക്കുള്ള  എന്‍റെ ആദ്യയാത്ര ... അമ്മ തിരക്കിന്‍റെ നിറങ്ങളില്‍  ആഴ്ന്നിറങ്ങുമ്പോള്‍  ,  ലാക്റ്റോജിന്‍   കലക്കി ആദ്യ സ്പൂണ്‍ സ്വയം പാകം നോക്കിയശേഷം വാത്സല്യത്തോടെ പകര്‍ന്നു തരുന്ന അച്ഛന്‍റെ മുഖം ... ആ ചിത്രം കൊത്തിവെയ്ക്കപ്പെട്ടത് എന്‍റെ ഹൃദയത്തില്‍  ആയിരുന്നു . അച്ഛന്‍ ഈ ലോകത്ത് നിന്നും ഒരു പിടിചാരമായ്  മാറുമ്പോഴും വിദേശസുഗന്ധം  വമിപ്പിച്ചു കൊണ്ട് ഉടയാത്ത സാരിയുടെ പ്രൌഡിയുമായി നില്‍ക്കുന്ന അമ്മയുടെ മുഖം .... ഇതായിരുന്നു കഴിഞ്ഞ ഒഴിവുകാലം . 
                                ഈ ഒഴിവുദിനങ്ങള്‍ കാന്‍സര്‍ സെന്‍റര്‍റിന്‍റെ വെളുത്ത വലിയ ചുമരുകളുള്ള  മുറിയില്‍ എത്തിനില്‍ക്കുമ്പോള്‍  ...അവിടെ ശൂന്യമായ മാറിടവുമായി കിടക്കുന്ന അമ്മ ... അമ്മയുടെ കണ്ണുകളില്‍  ഒരു  നീലതടാകമായിരുന്നു    കാണുവാന്‍ കഴിഞ്ഞത്   . അവിടെ നിറഞ്ഞു നിന്നത് ഓക്കാനം ഉണ്ടാക്കുന്ന വിദേശനിര്‍മ്മിതസുഗന്ധമായിരുന്നില്ല  ...  പകരം , കുഞ്ഞിയുറുമ്പുകള്‍ പൊതിയുന്ന  ലാക്റ്റോജിന്‍   ടിന്നുകളുടെ  പാല്‍മണമായിരുന്നു ...

Tuesday, March 6, 2012

ആ മണിക്കൂറുകള്‍

                                  ഉദ്യോഗജനകമായ  മണിക്കൂറുകള്‍,എല്ലാ മുഖങ്ങളിലും  ആശങ്കകളുടെ നിഴലാട്ടം !.           കൈകള്‍ മനസ്സിനെക്കാള്‍ വേഗം ചലിക്കുന്നു 
        .ഇവരുടെ ഒപ്പമെത്താന്‍ എനിക്ക് കഴിയണം ,ഇവരുടെ നോട്ടത്തിന്‍റെ ആഴമറിയുവാന്‍,കൈമുദ്രകളിലെ കഥയറിയുവാന്‍. .... ഒപ്പം ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും മോഹങ്ങളും, തകര്‍ച്ചയിലെക്കോ നഷ്ടങ്ങളുടെ പട്ടികയിലയ്ക്കോ  ?ഇനിയും ആവര്‍ത്തനവിരസതയുടെ വര്‍ഷക്കാലമോ ? 
            അവരുടെ സംശയങ്ങള്‍ക്കും അവശ്യങ്ങള്‍ക്കും ഒപ്പമെത്താന്‍ പാടുപ്പെടുമ്പോഴുംഎന്‍റെ  മനസ്സ് അസ്വസ്ഥമായിരുന്നു .. ഇനിയും ഈ  മണിക്കുറുകള്‍ അവസാനിക്കാന്‍ എത്ര കാത്തിരിക്കണം ? ചിന്തകളില്‍ നിന്നു ഉണര്‍ത്തിയത്  ആ ശബ്ദമായിരുന്നു "ടീച്ചറെ   ,ചായ "
                                     " ഓ  സന്തോഷം " ഈ വിരസമായ വാര്‍ഷികപരീക്ഷചൂടില്‍  രണ്ടരമണിക്കൂര്‍ ഇംഗ്ലീഷ് പരിക്ഷയ്ക്ക് കാവലാള്‍ ആകുമ്പോള്‍ ഒരു ആശ്വാസമാകുന്നത് , സന്തോഷം ലഭിക്കുന്നത് ഈ ചായ മാത്രമാണ്. അതെ ഈ ചായ മാത്രം .."അതു നല്‍കുന്ന സന്തോഷം അനിര്‍വചനീയമാണ് 





( പിന്‍കുറിപ്പ്  :മാര്‍ച്ച്‌  മുതല്‍ സ്കൂളില്‍ വാര്‍ഷിക പരീക്ഷ തുടങ്ങി .....)