Wednesday, March 7, 2012

അമ്മ

                                    നാട്ടിലേക്കുള്ള യാത്രയുടെ തുടക്കം ഷോപ്പിംഗ്‌മാളിലെ  തിരച്ചിലിന്‍റെ അകമ്പടിയോടെ  ആയിരുന്നു, ഇത് പതിവില്ലാത്തതാണെങ്കിലും . 
          നാലുഅവധിദിവസങ്ങള്‍ക്കിടയില്‍ ലീവ്  സംഘടിപ്പിച്ചുള്ള ഒന്‍പതുദിവസത്തെ  ഒഴിവുകാലം..... അമ്മയെ കാണുവാന്‍ ... ഇന്നു സുഹൃത്ത്  നാട്ടില്‍ നിന്നു  അയ്‌ക്കുന്ന  ഫാക്സ്  കണ്ടു അര്‍ബാബ് തരുന്ന ഔദാര്യം. 
                                  അമ്മയ്ക്ക് എന്തെങ്കിലും പ്രത്യേകിച്ചു  വാങ്ങണോ ? എന്തിനോക്കെയുള്ള  തിരച്ചിലിനിടയിലും  കണ്ണുകള്‍ ഇപ്പോഴും നീങ്ങുനത് ലാക്റ്റോജിന്‍  ടിന്നുകളിലേയ്ക്കാണ് ,കൈകളും . ഇതാണ് ഇന്നും  തനിയെ ഉള്ള ജീവിതത്തിന്‍റെ,ഏകാന്തതയുടെ  സൗന്ദര്യം ആസ്വദിക്കുവാന്‍ പ്രേരിപ്പിക്കുനത്  . അതെ സ്വന്തം ഇഷ്ടങ്ങളിലൂടെ മാത്രമുള്ള യാത്ര ... 
                    " സുന്ദരിയായ അമ്മ "എന്ന വിശേഷണം എന്‍റെ ജീവിതത്തിനു നല്‍കിയത് ലാക്റ്റോജിന്‍റെ  മണമായിരുന്നു. , സ്കൂള്‍പഠനകാലത്ത്  ബോര്‍ഡിങ്ങിലേയ്ക്കെത്തുന്ന  സ്നേഹത്തിന്‍റെ  അടയാളമായ നോട്ടുകളുടെ ധാരാളിത്തം ഒരിക്കലും എന്നെ  തെറ്റുകളിലേക്ക് എത്തിച്ചിരുന്നില്ല ... ആ നോട്ടുകള്‍ എന്‍റെ ഒഴിവുസമയങ്ങള്‍ക്കും രാത്രികള്‍ക്കും ലാക്റ്റോജിന്‍റെ  നിറമായിരുന്നു നല്‍കിയത് . ഒപ്പം കിടക്കയിലേക്കും ബാഗുകളിലെ ലാക്റ്റോജിന്‍  ടിന്നുകളിലേയ്ക്കുമുള്ള കുഞ്ഞിയുറുമ്പുകളുടെ പ്രയാണങ്ങള്‍ കുറ്റപ്പെടുത്തലുകളിലേക്കും  കളിയാക്കലുകളിലേക്കും  വഴിയൊരുക്കി  
                          ഈ  കുറ്റപ്പെടുത്തലുകള്‍ ,വിദേശ നിര്‍മ്മിത സുഗന്ധം നിറയുന്ന ബോര്‍ഡിങ്ങിലെ  സന്ദര്‍ശകമുറിയില്‍  മകനെ കാണുവാന്‍ എത്തുന്ന അച്ഛന്‍റെയും അമ്മയുടെയും മുന്‍പില്‍ നിരത്തുമ്പോള്‍  സുന്ദരിയായ അമ്മയുടെ മഴവില്ല് വിരിയുന്ന കണ്ണുകളില്‍ കനലെരിയുകയായിരുന്നു .എന്നാല്‍ അച്ഛന്‍റെ മുഖത്ത് സ്ഥിരമായ  നിസ്സഹായ ഭാവം മാത്രം . തന്‍റെ മക്കളെ ജീവനോടെ നദിയില്‍   ഉപേക്ഷിക്കുന്നതു നോക്കി നില്‍ക്കുന്ന ശന്തനുമഹാരാജാവിന്‍റെ ഭാവം ..
             എന്‍റെ കൗമാരത്തിനു ആസിഡിന്‍റെയും ആല്‍ക്കലിയുടെയും ഗന്ധമായിരുന്നുവെങ്കിലും  ജീവിതത്തിനു  നിറം നല്കിയിരുനത് ശൂന്യമായികൊണ്ടിരിക്കുന്ന   ലാക്റ്റോജിന്‍  ടിന്നുകളായിരുന്നു .   ഇവിടെ എണ്ണപര്യഗവേഷണ തുരുത്തില്‍ രസതന്ത്രജ്ഞനായി  കഴിയുമ്പോഴും  ജീവിതത്തിനു വെണ്മ നല്‍കിയത് , പാല്‍നിറമാര്‍ന്ന ലാക്റ്റോജിന്‍  പൊടിയായിരുന്നു
                     ഇത് അച്ഛന്‍ ഇല്ലാത്ത വീട്ടിലേയ്ക്കുള്ള  എന്‍റെ ആദ്യയാത്ര ... അമ്മ തിരക്കിന്‍റെ നിറങ്ങളില്‍  ആഴ്ന്നിറങ്ങുമ്പോള്‍  ,  ലാക്റ്റോജിന്‍   കലക്കി ആദ്യ സ്പൂണ്‍ സ്വയം പാകം നോക്കിയശേഷം വാത്സല്യത്തോടെ പകര്‍ന്നു തരുന്ന അച്ഛന്‍റെ മുഖം ... ആ ചിത്രം കൊത്തിവെയ്ക്കപ്പെട്ടത് എന്‍റെ ഹൃദയത്തില്‍  ആയിരുന്നു . അച്ഛന്‍ ഈ ലോകത്ത് നിന്നും ഒരു പിടിചാരമായ്  മാറുമ്പോഴും വിദേശസുഗന്ധം  വമിപ്പിച്ചു കൊണ്ട് ഉടയാത്ത സാരിയുടെ പ്രൌഡിയുമായി നില്‍ക്കുന്ന അമ്മയുടെ മുഖം .... ഇതായിരുന്നു കഴിഞ്ഞ ഒഴിവുകാലം . 
                                ഈ ഒഴിവുദിനങ്ങള്‍ കാന്‍സര്‍ സെന്‍റര്‍റിന്‍റെ വെളുത്ത വലിയ ചുമരുകളുള്ള  മുറിയില്‍ എത്തിനില്‍ക്കുമ്പോള്‍  ...അവിടെ ശൂന്യമായ മാറിടവുമായി കിടക്കുന്ന അമ്മ ... അമ്മയുടെ കണ്ണുകളില്‍  ഒരു  നീലതടാകമായിരുന്നു    കാണുവാന്‍ കഴിഞ്ഞത്   . അവിടെ നിറഞ്ഞു നിന്നത് ഓക്കാനം ഉണ്ടാക്കുന്ന വിദേശനിര്‍മ്മിതസുഗന്ധമായിരുന്നില്ല  ...  പകരം , കുഞ്ഞിയുറുമ്പുകള്‍ പൊതിയുന്ന  ലാക്റ്റോജിന്‍   ടിന്നുകളുടെ  പാല്‍മണമായിരുന്നു ...

No comments:

Post a Comment